ശ്രീരാമവിജയം ആട്ടക്കഥ

ഇതൊരു കഥയാണ്. വെറും കഥ. എന്റെ ആദ്യത്തെ കഥ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി മരിക്കാൻ പോകുന്നവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെന്നു തോന്നിയാൽ അതു നിങ്ങളുടെ ചിന്തയുടെ കുഴപ്പം മാത്രം. ഈ കഥയിൽ പ്രതിനായകൻ “ഞാൻ” ആണ് – ഉത്തമപുരുഷൻ ഏകവചനം. തനി രാവണൻ. പ്രതിനായകൻ കൊല്ലപ്പെടണമല്ലോ. ചത്തത് രാവണനെങ്കിൽ, കൊന്നത് ആരായിരിക്കും? അതുകൊണ്ടാണ് ഈ കഥക്ക് ശ്രീരാമവിജയം ആട്ടക്കഥ എന്നു പേരിട്ടത്.

സംഗതി ഇതാണ്. കഥയിലെ പ്രതിനായകനും സുന്ദരനും സുശീലനുമായ ഞാൻ എന്റെ ജോലിസ്ഥലത്തു വെച്ച് കുതിരമേധം പരിപാടിയുടെ ഓഡിഷനിൽ പങ്കെടുത്ത് ടി പരിപാടിയുടെ ഫൈനൽ ഷൂട്ടിനു യോഗ്യത നേടുന്നു. അറിയിച്ച സമയത്ത് കൃത്യമായി ഞാൻ ചാനൽ സ്റ്റുഡിയോയിൽ എത്തുകയും കാത്തിരിപ്പ് എന്ന കലാപരിപാടി ആരംഭിക്കുകയും ചെയ്തു. “ദാ ദിപ്പൊ വിളിക്കും, ദാ ദിപ്പൊ വിളിക്കും” എന്നു കരുതി അന്നു മുഴുവൻ കാത്തിരുന്നു. പിന്നീടാണ് അറിഞ്ഞത്, കാത്തിരിപ്പ് എന്ന പരിപാടി തലേ ദിവസം തന്നെ തുടങ്ങിയ ഒരു കൂട്ടം ആളുകൾ ആണ് എന്റെ കൂടെ നിൽക്കുന്നത് എന്ന്. ഞാൻ ഉൾപ്പെടുന്ന ഇക്കൂട്ടരെ “കാത്തിരിപ്പ് തൊഴിലാളികൾ” എന്നു വിളിക്കാം. ദയവായി ഈ പദം മലയാള ഭാഷക്കുള്ള എന്റെ സംഭാവനയായി കരുതണം എന്ന് അപേക്ഷ.

കാത്തിരിക്കാൻ കുതിരമേധത്തിന്റെ സംഘാടകർ ഞങ്ങൾക്ക് ഒരു സ്ഥലം തന്നു. ഒരു ഭൂഗർഭ അറയിലെ വിശാലമായ ഒരു ഇടുങ്ങിയ മുറി. ആദ്യമാത്രയിൽ തന്നെ മുറി നമ്മെ ഹഠാദാകർഷിക്കും. മൊബൈലിനു റേഞ്ച് കിട്ടണമെങ്കിൽ രണ്ടുനില മുകളിലേക്ക് കയറണം. ലിഫ്റ്റ് പ്രവർത്തിക്കില്ലാത്രേ. അതുപോട്ടെ. ഈ മുറി ബഹുരസം ആണ്. വളരെ മനോഹരമായ അറേഞ്ചുമെന്റ്. ഏതാണ്ട് നമ്മുടെ “റാംജിറാവ് സ്പീക്കിങ്” എന്ന സിനിമയിലെ ഉർവശി തിയറ്റേഴ്സിന്റെ സ്റ്റോർ റൂം പോലെ ഇരിക്കും ഈ മുറി കണ്ടാൽ. അതി മനോഹരമായ പൊളിഞ്ഞ തടിക്കസേരകൾ, അറ്റവും മൂലയും ഇല്ലാത്ത മേശ, നമ്മെ കണ്ടാൽ അവതാർ സിനിമയിലെ കഥാപാത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന വലിയ കണ്ണാടി, അടുക്കും ചിട്ടയോടും കൂടി വലിച്ചുവാരി ഇട്ടിരിക്കുന്ന രാജാപ്പാർട്ട് വേഷവിധാനങ്ങൾ, 50 കിലോയിൽ കൂടുതൽ ഭാരം വഹിക്കുമ്പോൾ കലാപരമായി ഊർദ്ധശ്വാസം വലിക്കുന്ന പ്ലാസ്റ്റിക് കസേരകൾ – മൊത്തത്തിൽ കുബേരന്റെ അതിഥിസൽക്കാര മുറിപോലെ പ്രൗഢം. എത്ര പേർക്കു വേണമെങ്കിലും സുഖമായി ഇരിക്കാൻ പറ്റുന്ന സൗകര്യത്തിൽ കസേരകൾ ഉണ്ട് – ആറെണ്ണം! അതിലൊന്നിൽ മതിമറന്നു ഇരുന്നപ്പോൾ ആ മനോഹര വസ്ത്രങ്ങളുടെ ഇടയിൽ അനങ്ങിയത് ഒരു കരിനാഗം ആയിരുന്നുവോ? എയ്. മനസ്സ് അറിയാതെ ഓർത്തുപോയി – ഒസാമ ബിൻ ലാദൻ അബൊട്ടാബാദിനു പകരം ഒളിത്താമസത്തിന് ഇവിടം ആണു തെരഞ്ഞെടുത്തിരുന്നതെങ്കിൽ ബറക് ഒബാമയല്ല, അങ്ങേരുടെ അപ്പൂപ്പൻ ഒന്യാങ്കോ ഒബാമയും പരിവാരങ്ങളും കൂടി ഒരുമിച്ച് തപ്പിയിരുന്നെങ്കിലും കക്ഷിയുടെ പൊടിപോലും കിട്ടില്ലായിരുന്നു. പഴയ അനിക്സ്പ്രേ പരസ്യവാചകം പോലെ.

അങ്ങനെ കാത്തിരിപ്പിന്റെ ഒന്നാം ദിനം 12 മണിക്കൂർ കൊണ്ട് അവസാനിച്ചു. ഇതൊരു ആട്ടക്കഥയാണെന്നു നേരത്തേതന്നെ ഞാൻ പറഞ്ഞിരുന്നല്ലോ. അങ്ങനെ രണ്ടാം ദിനം വന്നു. അന്നും കാത്തിരുന്നു – ഏതാണ്ട് 10 മണിക്കൂർ. നിൽപ്പുസമരം മൂന്നാം ദിവസം പിന്നിടുന്ന ആൾക്കാരും ഉണ്ടായിരുന്നു കൂട്ടത്തിൽ. ചുവപ്പോ നീലയോ ഷർട്ട് ധരിച്ചു വന്ന് ആ ജംഗ്ഷനിൽ ഇരുന്നിരുന്നെങ്കിൽ ഈ സമയം കൊണ്ട് നോക്കുകൂലി ഇനത്തിൽ കുറച്ചു പണം തരപ്പെടുത്താമായിരുന്നു.

അങ്ങനെ ഒടുവിൽ കാത്തിരിപ്പിന്റെ അന്ത്യം ആയി. തലേന്നു പ്രാതലിനു വളരെ മുൻപ് നിർമ്മാല്യവേളയിൽ തുടങ്ങി, പിറ്റേന്ന് തൃപ്പുക നേരം വരെ നീണ്ട കാത്തിരിപ്പിനും നിൽപ്പിനും ഒടുവിൽ, സമാധാനത്തിന്റെ നോബൽ സമ്മാനത്തിന് എന്റെ കൂടി പേര് നിർദ്ദേശിച്ച ശേഷം ഞാൻ മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ട് തട്ടിൽ കയറി. പ്രദീപ്തമായ ശബ്ദത്തിന്റെ ഉടമയായ ആ മനുഷ്യന്റെ അടുത്തേക്ക്. ഒരു ഉപ്പുമാങ്ങാ ഭരണിയിൽ സൂക്ഷിച്ചിരിക്കുന്ന തുണ്ട് കടലാസുകളിൽ പരതി എനിക്കു ബോധിച്ച ഒരെണ്ണം എടുത്ത് ആ വിഷയവുമായി ബന്ധപ്പെട്ടു പ്രശസ്തനായ ഒരു വ്യക്തിയെ വിചാരിക്കണം. എനിക്കു മാത്രം ബോധിച്ചാൽ പോരാ, പാനൽ എന്ന വിദഗ്ദ്ധനും കൂടി ബോധിക്കണം. പാനൽ ആയി ഇരിക്കുന്നു ഒരു നടൻ. നടന്റെ മികവ് എന്താ? അഭിനയിക്കാൻ കഴിയുക. അത്ര തന്നെയേ അദ്ദേഹം ചെയ്തതും ഉള്ളൂ – അഭിനയിക്കുക! എന്റെ മനസ്സിലെ വ്യക്തികൾ ഒന്നും തന്നെ പ്രശസ്തരല്ലാത്രേ. അതുകൊണ്ട് അവയൊന്നും അംഗീകരിക്കാൻ പറ്റില്ല. എല്ലാ റൗണ്ടുകളിലും ഇതു തന്നെ കഥ. ഞാൻ ഒരു നാലഞ്ചു പേരുകൾ നിർദ്ദേശിക്കുന്നു, പാനൽ അത് തള്ളുന്നു. ഞാൻ വീണ്ടും തള്ളുന്നു. ആകെ അങ്ങോട്ടും ഇങ്ങോട്ടും തള്ളൽ തന്നെ തള്ളൽ. ഒരു വേള അദ്ദേഹം തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണോ എന്നു വരെ നോം ശ്ശി സംശയിച്ചുപോയി. സസ്പെൻസുകൾ ഇല്ലാത്ത ഈ കഥയിൽ അദ്ദേഹമാണ് ഈ പാവം രാവണനെ കൊല്ലുന്ന നായകൻ!

എന്തിനാണെന്നറിയില്ല – കല്യാണക്കുറി വലിപ്പത്തിലുള്ള കടലാസുകളിൽ ഡൺലപ്പ് ടയറിന്റെ വലിപ്പത്തിലുള്ള അക്ഷരങ്ങളിൽ ആണ് വിഷയം എഴുതിയിരിക്കുന്നത്. എനിക്കും പാനലിനും കയ്യിൽ വെച്ച് വായിക്കാൻ പറ്റിയ വലിപ്പം പോരേ അക്ഷരങ്ങൾക്ക്? എന്തിനാണെന്നറിയില്ല – ആ കടലാസ് മടക്കിവെക്കാതെ പാനൽ തുറന്നുതന്നെ പിടിച്ചിരിക്കുന്നത്. എന്തിനാണെന്നറിയില്ല – മൂന്നാം റൗണ്ട് മുതൽ പാനലിനൊപ്പം ചർച്ചകളിൽ പങ്കെടുക്കാൻ പരിപാടിയുടെ നിർമ്മാതാക്കളും ചുറ്റും കൂടുന്നത്. ഇതൊന്നും സംപ്രേക്ഷണത്തിൽ കാണിക്കില്ലാട്ടോ. അന്താരാഷ്ട്ര ചരിത്രം, കായികം, രാഷ്ട്രീയം ഇതൊന്നും അറിയാൻ പാടില്ലാത്ത, ഇന്റർനെറ്റിൽ പരതിയെടുക്കാൻ താൽപ്പര്യം ഇല്ലാത്ത ഒരു പാനലോ? ഇതൊക്കെ നമ്മളോട് വർണ്ണിക്കുന്ന നിയമാവലിയിൽ ഇല്ലാട്ടോ. ഒരുപക്ഷേ, പരിപാടിയുടെ വിജയത്തിനു വേണ്ടത് മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ള പാനലിനെത്തന്നെ ആയിരിക്കും.

ഒരു വിഷയവുമായി ബന്ധപ്പെട്ട് പാനലും ഞാനും തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ ചോദിച്ചു, “നമ്മുടെയൊക്കെ വസ്ത്രങ്ങളിൽ വെച്ചിട്ടുള്ള ലേപ്പൽ മൈക്ക് ഓഫ് ആണോ?”. പാനൽ ബ്ലിങ്ഗസ്സ്യാ എന്ന ഭാവേന ഇരുന്നു. ബ്ലിങ്‌ഗസ്സ്യാ എന്ന പദം മറ്റാരൊക്കെയോ മുൻപ് ഉപയോഗിച്ചിട്ടുള്ളതിനാൽ ഞാൻ കോപ്പിറൈറ്റിനു അവകാശവാദം ഉന്നയിക്കുന്നില്ല. തുടർന്ന് ഞാൻ പേരുകൾ എഴുതിമാത്രം കാണിക്കാൻ തുടങ്ങി. അവരു പഠിച്ച സ്കൂളിൽ അല്ലല്ലോ ഞാൻ പഠിച്ചത്, ഏത്? ഒരു തവണ വിഷയം എടുക്കാൻ പോകുമ്പോൾ അവതാരകൻ സീറ്റിൽ ഇല്ലായിരുന്നു. അദ്ദേഹം പുറത്തുപോയപ്പോൾ വിഷയം തീരുമാനിച്ച് പാനലിനോട് ചർച്ച ചെയ്തുകൊള്ളാൻ നിർമ്മാതാവ് എന്നോടു പറഞ്ഞു. ഞാൻ പറഞ്ഞു, “എനിക്ക് ഇത്തിരി അന്ധവിശ്വാസം ഒക്കെയുണ്ട്, അതുകൊണ്ട് ഷൂട്ട് പുനരാരംഭിക്കുന്നതിനു തൊട്ടുമുൻപ് ഞാൻ വിഷയം തിരഞ്ഞെടുത്തോളാം”. നേരത്തേ പറഞ്ഞതുപോലെ അദ്ദേഹം പഠിച്ച സ്കൂളിലും ആയിരുന്നില്ല ഞാൻ പഠിച്ചത്, ഏത്?

ഇന്റർനെറ്റ് സഹായം പാനലിനു ലഭ്യമാണ്. നാം നിർദ്ദേശിക്കുന്ന പേരുകൾ ഗൂഗിൾ ഏമാന്റെ സഹായത്തോടെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാൻ പാനലിന് സ്വാതന്ത്ര്യവും ഉണ്ട് എന്നു നിയമാവലിയിൽ പറയുന്നു. എന്നിട്ടും അവർക്കൊരു വല്ലാത്ത മടി. ആദ്യമായി സൂപ്പർ മാരിയോ കളിക്കുന്ന കുട്ടി പ്രയാസപ്പെട്ട് ഓരോ പുതിയ ലെവലുകളിൽ പ്രവേശിക്കുന്നതുപോലെ പാനലിനോട് മല്ലിട്ട് ഞാൻ ഫൈനലിൽ എത്തി. ഇതിനിടക്ക് 1943-ൽ ബലാറസ് റഷ്യയുടെ ഭാഗമായിരുന്നു തുടങ്ങിയ ചില തെറ്റായ വിവരങ്ങളും ഞാൻ പഠിച്ചു. “ബലാറസ് അന്ന് USSR-ന്റെ ഭാഗമല്ലേ” എന്നു ഞാൻ ചോദിച്ചപ്പോൾ “ഒക്കെയും റഷ്യ ആയിരുന്നു അന്ന്” എന്നുകൂടി അവതാരകൻ കാടടച്ച് ഒരു തള്ളുതള്ളി. അതുപോട്ടെ, തള്ളാത്തതായി ആരുണ്ട്?

ഫൈനലിൽ നിർദ്ദിഷ്ട വിഷയങ്ങളില്ലാതെ ആരെ വേണമെങ്കിലും വിചാരിക്കാം എന്നൊക്കെയാണ് പാണന്മാർ പാടി നടക്കുന്നത്. പക്ഷെ ഒരു ഹോളിവുഡ് നടനെ വിചാരിച്ചപ്പോൾ സിനിമയും സംഗീതവും ഒന്നും പറ്റില്ല എന്നു പറഞ്ഞു! നമ്മുടെ പാനൽ നിഷ്കരുണം തള്ളിക്കളഞ്ഞ അപ്രശസ്തരായ വ്യക്തികളിൽ ചിലർ ഇവരാണ് – ഫ്രഞ്ച് ഫുട്ബോളർ ലോറന്റ് ബ്ലാങ്ക്, ഗൂഗിൾ എക്സ് – യുഡാസിറ്റി സ്ഥാപകൻ സെബാസ്റ്റ്യൻ ത്രൺ, മാസങ്ങളായി അബോധാവസ്ഥയിൽ കഴിയുന്ന ഫോർമുല വൺ ഡ്രൈവർ ജൂൾസ് ബിയാങ്കി, ഫോർമുല വൺ സേഫ്റ്റികാർ ഡ്രൈവർ ബേൺഡ് മെയ്‌ലാൻഡർ, കെനിയൻ ക്രിക്കറ്റ് അംപയറും മാച്ച് റഫറിയുമായിരുന്ന ഇന്ത്യൻ വംശജൻ സുഭാഷ് മോഡി, റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ലിയോൺ ട്രോട്സ്കി, ട്രോട്സ്കിയുടെ ഘാതകൻ റമോൺ മെർക്കഡർ, ഇന്ത്യൻ സ്വാതന്ത്ര്യസമര രക്തസാക്ഷി റോഷൻ സിങ്, ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകൻ ഫിലിപ് സ്നോഡൻ, ഭൗതികശാസ്ത്രജ്ഞൻ മാർക്ക് വൈസ്, ഡിറ്റക്ടീവ് നോവലിസ്റ്റ് ചെസ്റ്റർ ഹൈംസ്, മൃഗസംരക്ഷക പ്രവർത്തകൻ റിച്ചാർഡ് ഡി. റൈഡർ, ചലച്ചിത്ര-നാടക നടൻ ബെൻ വിഷോ, യൂറോപ്പിലെ ഏറ്റവും ധനികനായ രാജകുമാരനും ലിക്റ്റെൻസ്റ്റൈൻ രാജ്യത്തിന്റെ ഭരണാധികാരിയുമായ ഹാൻസ് ആഡം രണ്ടാമൻ അങ്ങനെ അങ്ങനെ… ഇതിനിടെ മെയ്‌ലാൻഡറുടെ പേര് നെറ്റിൽ പരതിയെടുത്ത പാനലിലെ പെൺകുട്ടി “ഇത് അംഗീകരിക്കൂ” എന്ന് പലവുരു പറഞ്ഞെങ്കിലും ഭഗവാൻ ഒരു പൊട്ടനേപ്പോലെ അഭിനയിച്ചു – ചെവിയില്ലാക്കുന്നിലപ്പൻ!

സഹികെട്ട് ഞാൻ അവസാനം ആ മഹാനോട് ചോദിച്ചു, “ഞാൻ ലോകറെക്കോർഡ് ഉള്ള ഒരു കായികതാരത്തിനെ വിചാരിച്ചാൽ തിരുവുള്ളക്കേട് ഉണ്ടാകുമോ” എന്ന്. അതിന് സച്ചിന്മയനായ ഭഗവാന്റെ മറുപടി എന്നെ തൽസമയം നിർമമഘോൽസാപഹത്തിൽ എത്തിച്ചു. ഈ പറഞ്ഞ വാക്ക് മലയാളം നിഘണ്ടുവിൽ ഉണ്ടാവില്ല. പക്ഷെ എന്റെ അപ്പോഴത്തെ അവസ്ഥക്ക് ഇതിലും യോജിച്ച ഒരു വാക്ക് എഴുത്തച്ഛൻ പോലും കണ്ടുപിടിച്ചിട്ടുണ്ടാവില്ല. ദയവായി ഇതെന്റ രണ്ടാമത്തെ ഭാഷാസംഭാവനയായി കണക്കാക്കണം എന്ന് അപേക്ഷിക്കുന്നു. ആ മഹാനുഭാവൻ മറുപടിയായി ഇങ്ങനെ അരുളിച്ചെയ്തു. “കായികതാരം ആണെങ്കിൽ ലോകറെക്കോർഡ് ഒന്നും പോരാ, ഒരു ഒളിമ്പിക് റെക്കോർഡ് എങ്കിലും വേണം!” ഇപ്പോൾ മേൽപ്പറഞ്ഞ വാക്കിന്റെ അർഥം നിങ്ങളും മനസ്സിലാക്കിയിരിക്കും എന്നു വിശ്വസിക്കട്ടെ. “സ്പോർട്സിനൊക്കെ ഒളിമ്പിക്സ് അല്ലാതെ ഏതാണ് വേദി?” എന്ന് എന്നോട് ഒരു ഉപചോദ്യവും! ഞാൻ സീതയായിരുന്നെങ്കിൽ ശ്രീരാമന്റെ മുന്നിൽ വെച്ച് ഭൂമി പിളർന്ന് താഴേക്ക് പതിക്കുന്ന അവസ്ഥ അനുഭവിച്ചേനേ. പക്ഷെ, ഞാൻ രാവണൻ ആയിപ്പോയില്ലേ!

സോവിയറ്റ് യൂണിയന്റെ പരമോന്നത സിവിലിയൻ പുരസ്കാരജേതാവുകൂടിയായ ഘാതകൻ മെർക്കഡർ പോയിട്ട് ട്രോട്സ്കി പോലും പ്രശസ്തൻ അല്ല എന്നു ജൂറി തിരുമനസ്സ് വിധിയെഴുതി. അതോടെ ഞാൻ മേൽപ്പറഞ്ഞ നിർമമഘോൽസാപഹത്തിന്റെ പരമകാഷ്ടയിൽ എത്തുകയും എന്റെ ക്ഷമ ചരിത്രം ആവുകയും ചെയ്തു. “ട്രോട്സ്കി പ്രശസ്തനല്ലേ?” എന്നു ഞാൻ ചോദിച്ചപ്പോൾ ഭഗവാന്റെ അരുളപ്പാട് വീണ്ടും. “നമ്മുടെ നാട്ടിലെ എത്ര സഖാക്കൾക്ക് ട്രോട്സ്കിയെ അറിയാം?” ഞാൻ തിരിച്ചടിച്ചു, “അറിയില്ലെങ്കിൽ അത് നമ്മുടെ നാട്ടിലെ സഖാക്കൾക്ക് വിവരം ഇല്ലാത്തതു കൊണ്ടാണ്.” അതോടെ ഭഗവാൻ പിണങ്ങി. കൊടും ദൈവകോപം. ഞാൻ നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യപ്പെടുന്നില്ലാ എന്ന് അദ്ദേഹം കൽപ്പിച്ചു. ആയിക്കോട്ടെ എന്നു ഞാനും. സംഭവം ശാന്തമാക്കാൻ ഇടപെട്ട പരിപാടിയുടെ നിർമ്മാതാവിനോട് ഞാൻ വിനയപുരസ്സരം ചോദിച്ചു, “എനിക്കറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ, നമ്മുടെ നാട്ടിലെ സഖാക്കൾക്ക് അറിയാവുന്ന പേരുകളേ പരിഗണിക്കുകയുള്ളോ?”. നിർമ്മാതാവ് പ്ലിങ്!

ലോറന്റ് ബ്ലാങ്കിന്റെ പേര് നിരസിച്ചത് കൂടുതൽ തമാശയായി. “അംഗീകരിക്കാൻ പറ്റില്ലാ” എന്ന് ആദ്യമേ പാനൽ വിധിച്ചു. ഞാനൊന്നു പൊരുതി നോക്കി. “അദ്ദേഹം ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിൽ അംഗീകരിക്കാം” എന്നു പാനൽ പറഞ്ഞു. “ഉണ്ട്” എന്നു ഞാൻ പറഞ്ഞപ്പോൾ ഇതാ വരുന്നു അടുത്ത കണ്ടീഷൻ – “ലോകകപ്പ് വിജയിയാണെങ്കിൽ അംഗീകരിക്കാം”. “അതേ” എന്നു പറഞ്ഞപ്പോൾ വരുന്നു അടുത്ത ഉപാധി – “വേറെന്താ പ്രത്യേകത?” ഞാൻ പറഞ്ഞു, “അദ്ദേഹം അടിച്ചിട്ടുള്ള ഒരു ഗോൾഡൻ ഗോൾ ചരിത്രത്തിന്റെ ഭാഗമാണ്”. ദാ വരുന്നു അടുത്ത റൈഡർ കണ്ടീഷൻ – “ഗോൾഡൻ ഗോൾ അടിച്ചത് ലോകകപ്പിൽ ആണെങ്കിൽ സമ്മതിക്കാം”. ഞാൻ പറഞ്ഞു, “അതേ ലോകകപ്പിൽ തന്നെയാണ് അദ്ദേഹം ഗോൾഡൻ ഗോൾ അടിച്ചത്. അതായിരുന്നു ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾഡൻ ഗോൾ”. ഉടൻ പാനൽ – “എന്നാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്”. “നിരസിക്കാൻ കാരണം എന്താണ്” എന്നു ഞാൻ. “കാരണം പറയേണ്ട കാര്യമില്ലാ” എന്നു പാനൽ! അഭിമന്യു പെട്ടതിലും ഭീകരമായ ഒരു പത്മവ്യൂഹത്തിലാണ് അകപ്പെട്ടതെന്ന് ഞാൻ ഉറപ്പിച്ചു.

തുടർന്നും ഞാൻ വ്യക്തികളുടെ പേരുകൾ ഒന്നൊന്നായി ഔജ ബോർഡിലെന്നോണം ഒരു കഷണം പേപ്പറിൽ എഴുതി തകർത്തു. ദൈവം ഒക്കെയും നിരസിച്ചു. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ അഭേദ്യമായ ലോകറെക്കോർഡ് സ്ഥാപിച്ച തായ്‌ലൻഡുകാരൻ തെവാറിറ്റ് മജ്ച്ചാച്ചിപ്പിനെ വിചാരിച്ചപ്പോൾ “ഷൂട്ടിങ് ഒക്കെ സ്പോർട്സ് ആകുന്നതെങ്ങനെ?” എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം! സീതയല്ലാത്തതു കൊണ്ട് ശ്രീരാമന്റെ മുന്നിൽ വെച്ച് ഭൂമി പിളർന്ന് താഴേക്ക് പതിക്കുന്ന അവസ്ഥ അനുഭവിക്കാനുള്ള രണ്ടാമത്തെ അവസരവും എനിക്കു നഷ്ടമായി. കേരളത്തിൽ നിന്നുള്ള ഒരാളെ വിചാരിക്കാൻ പാനൽ സമ്മർദ്ദം തുടങ്ങി. ഇതും നിയമാവലിയിൽ ഇല്ലാട്ടോ!

പരമകാരുണികനും ഭക്തവൽസലനും ആയ പാനൽ ഭഗവാൻ ഒരുപടി കൂടി കടന്ന് എന്നെ സഹായിക്കാൻ എന്ന വ്യാജേന എനിക്കു വിചാരിക്കാൻ ചില വ്യക്തികളുടെ പേരും നിർദ്ദേശിച്ചു. അവയിൽ ചിലത് അവതാരകനു കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടായേനേ. അവ ഇതൊക്കെയാണ് – നാഥുറാം ഗോഡ്‌സേ, ഝാൻസി റാണി, സലിം അലി, ബാബാ രാംദേവ്, ഇന്ദുചൂഡൻ…! ഞാൻ അതൊന്നും സമ്മതിച്ചില്ല. രാമരാവണയുദ്ധം തുടർന്നു. നിഷ്കരുണം തള്ളിക്കളയപ്പെട്ട പത്ത്-പതിനൊന്ന് പേരുകൾക്കൊടുവിൽ അവസാന റൗണ്ടിൽ പുറത്താക്കപ്പെടും എന്നു ഉറപ്പായ ഞാൻ രണ്ടും കൽപ്പിച്ച് ഒരാളെ വിചാരിച്ചു – ടാറ്റാപുരം സുകുമാരൻ. ഏതു രണ്ടാം ക്ലാസ്സുകാരനും അറിയാവുന്ന കുമാരനാശാനെയും ജവഹർലാൽ നെഹ്രുവിനെയും വിചാരിച്ച് തോൽക്കുന്നതിലും നല്ലതാണല്ലോ ഇത് എന്നുമാത്രം കരുതി. ടാറ്റാപുരം എഴുതിയ കൃതികൾ ഞാൻ വായിച്ചിട്ടില്ല, അതുകൊണ്ടു തന്നെ യാതൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നുമില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തിയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു.

ഫൈനലിൽ ലൈഫ്‌ലൈനുകൾ തീർന്നതുകൊണ്ട് ഞാൻ പുറത്താകുന്നു. അതിൽ ഒരു ചോദ്യം “സാഹിത്യത്തിനുപരിയായുള്ള മറ്റെന്തെങ്കിലും സംഭാവനയുടെ പേരിൽ ടാറ്റാപുരം സുകുമാരൻ അറിയപ്പെട്ടിരുന്നോ” എന്നാണ്. ഞാൻ “ഇല്ലാ”യെന്ന് ഉത്തരം നൽകി. എന്നാൽ പാനൽ ഇടപെട്ട് അതു തിരുത്തി. “ഔദ്യോഗികരംഗത്ത് വളരെയധികം സംഭാവനകൾ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു” എന്നായിരുന്നു പാനലിന്റെ കണ്ടെത്തൽ. ശ്രീ സുകുമാരൻ ടാറ്റാ മിൽസിൽ ട്രാൻസ്‌ലേറ്റർ ആയും പി. ആർ. ഓ. ആയും പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റേതായി ഈ രണ്ടു മേഖലകളിലും അറിയപ്പെടുന്ന സംഭാവനകൾ യാതൊന്നുമില്ല! മറ്റൊരു ചോദ്യം “അദ്ദേഹം മലബാറുകാരൻ ആണോ” എന്നായിരുന്നു. ഞാൻ മറുപടി പറയും മുൻപേ തന്നെ പാനൽ കയറി ഉത്തരം പറഞ്ഞു. ഷോയിൽ ഉടനീളം ഞാൻ കൂടുതൽ വ്യക്തതക്കു വേണ്ടിയും ഷോയുടെ വേഗത കുറക്കാനുമായി തിരികെ ചോദ്യങ്ങൾ ചോദിച്ചിരുന്നു (എന്താണ് നെഗറ്റീവ് സംഭവം, എന്താണ് സോബ്രിക്കേ എന്നിവയൊക്കെ അത്തരം തന്ത്രങ്ങൾ ആയിരുന്നു). അത്തരത്തിൽ അവതാരകനോടുള്ള ഒരു ചോദ്യത്തിനിടക്കു തന്നെ പാനൽ ഇടപെടുകയായിരുന്നു. അതിലുള്ള എന്റെ നിരാശ ഷോയിൽ കാണാവുന്നതുമാണ്. ഉത്തരത്തിന്റെ കാര്യത്തിൽ കൺഫ്യൂഷൻ ആയി എന്നു പറയുകയേ പിന്നീട് വഴിയുണ്ടായിരുന്നുള്ളൂ.

അങ്ങനെ ആ ചോദ്യവും വന്നു; “അദ്ദേഹത്തിന്റെ രചനകൾ സിനിമയാക്കപ്പെട്ടിട്ടുണ്ടോ?” സിനിമയിൽ കഥാകൃത്ത്, തിരക്കഥാകൃത്ത് എന്ന നിലകളിലൊന്നും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടില്ലാത്ത ഞാൻ “ഇല്ലാ” എന്നു മറുപടി പറയുന്നു. അയോദ്ധ്യാപതിയെപ്പോലെ വിലസിക്കുന്ന പാനൽ ഭഗവാൻ എന്റെ ഉത്തരം തെറ്റാണെന്നു പറയുന്നു. ഞാൻ എതിർക്കുന്നു. അവസാനം നിർമ്മാതാവ് ഇടപെട്ട് വിവരങ്ങൾ ശേഖരിച്ചശേഷം പാനലാണു ശരി എന്നു കൽപ്പിക്കുന്നു. ഞാൻ വീണ്ടും ചോദിക്കുന്നു “റൈറ്റിങ് ക്രെഡിറ്റ്സ് അദ്ദേഹത്തിനു തന്നെയാണെന്ന് ഉറപ്പാണോ?”. “അതേ” എന്നു പാനൽ. എന്റെ മൽസരം പൊട്ടിയ പട്ടം പോലെ താഴേക്ക് – എതാണ്ട് നമ്മുടെ ദുൽക്കർ സൽമാന്റെ “പട്ടം പോലെ” എന്ന സിനിമ പൊട്ടിവീണതു പോലെ. ഇതൊന്നും ടെലിവിഷനിൽ കാണിക്കേണ്ട എന്നു കരുതിയാവും ആ ഭാഗം വീണ്ടും ചിത്രീകരിക്കപ്പെടുന്നു. ചുവന്ന വെളിച്ചം തെളിയുന്നു. പ്രദീപ്തമായ ആ ശബ്ദത്തിന്റെ ഉടമ ദീർഘനിശ്വാസം വിടുന്നു. നിർമ്മാതാവ് കസേരയിലേക്കു ചാഞ്ഞുവീണ് സമാധാനിക്കുന്നു. പാനൽ ദൈവം അഭിനയം തുടരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഞാൻ എന്ന വ്യക്തി പ്രകീർത്തിക്കപ്പെടുന്നു. ആനുകൂല്യങ്ങൾ കൊടുത്ത് കയ്യടിക്കാൻ മാത്രമായി ചാനൽ കൊണ്ടുവന്ന “പ്രേക്ഷക തൊഴിലാളികൾ” (എന്റെ മൂന്നാമത്തെ ഭാഷാ സംഭാവന) എണീറ്റുനിന്ന് കൈയടി തുടങ്ങുന്നു. അവതാരകൻ എനിക്ക് ഉപഹാരമായി വലിയ കടലാസിൽ പ്രിന്റ് ചെയ്ത ചെക്കും, റിസോർട്ടിലെ താമസത്തിന്റെ ഇണ്ടാസും, ഒരു കുതിരയുടെ തലയും തരുന്നു. പിന്നാലെ മറ്റൊരാൾ വന്ന് അതെല്ലാം എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഇതൊക്കെ പിന്നീട് തരാമെന്നു പറയുന്നു. അഭിനയം ഒട്ടും മോശമാക്കാതെ ഞാൻ എല്ലാവരോടും സന്തോഷമായി പുഞ്ചിരിച്ച് വേദി വിടുന്നു. അടുത്ത മൽസരാർഥി ചൂടുകസേരയിലേക്ക് ആനയിക്കപ്പെടുന്നു. സ്റ്റുഡിയോയുടെ വാതിൽ തുറന്ന് പുറത്തേക്കു കടന്ന ഞാൻ ഒരു നിമിഷം ശങ്കിച്ചു – “എനിക്കു തന്ന ഉപഹാരം എന്തിന്റെ തലയായിരുന്നു; കുതിരയുടേതോ അതോ കഴുതയുടേതോ?” അപ്പോഴേക്കും അവതാരകന്റെ ശബ്ദം അകത്തു മുഴങ്ങിത്തുടങ്ങിയിരുന്നു – “പുതിയ അറിവുകളുടെ, കണ്ടെത്തലുകളുടെ, ബൗദ്ധികതയുടെ, കുതിരമേധം പരിപാടിയിലേക്ക് നിങ്ങൾക്കു സ്വാഗതം…”

(കുതിരയുടെ, അല്ല കഴുതയുടെ) വാൽക്കഷണം: 1969-ൽ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച “ജന്മഭൂമി” എന്ന സിനിമയുടെ കഥ ടാറ്റാപുരത്തിന്റേതാണ് എന്ന് വിക്കിപീഡിയയിൽ ഏതോ വിദ്വാൻ എഴുതി ചേർത്തിരുന്നു. ഈ വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പാനൽ ദൈവവും നിർമ്മാതാവും കൂടി ഞാൻ പറഞ്ഞ ഉത്തരം തെറ്റാണെന്നു പറഞ്ഞ് എന്നെ പുറത്താക്കിയത്. സത്യത്തിൽ ആ സിനിമയുടെ കഥയുടെ ക്രെഡിറ്റ് അതിന്റെ സംവിധായകൻ തന്നെയായ ജോൺ ശങ്കരമംഗലത്തിനാണ്. അത് ചിത്രത്തിന്റെ പോസ്റ്ററിൽ തന്നെയുണ്ട്. രണ്ടു ലൈഫ്‌ലൈനുകൾ കയ്യിൽ വെച്ച് 21 ചോദ്യങ്ങളും പൂർത്തിയാക്കി ഫൈനലിന്റെ രണ്ടാം റൗണ്ടിൽ കയറേണ്ടിയിരുന്ന ഞാൻ അങ്ങനെ രാമനാൽ വധിക്കപ്പെട്ട രാവണൻ തന്നെയായി. ഇനി നിങ്ങൾ പറയൂ, ഈ കഥയ്ക്ക് ശ്രീരാമവിജയം ആട്ടക്കഥ എന്നതിലും യോജിച്ച ഒരു പേരുണ്ടോ?

Photo: 4vector.com

Post a Comment

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: