മോഹൻലാൽ – ദ കംപ്ലീറ്റ് സിംഗർ!

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി താൻ ലാലിസം ഷോയ്‌ക്കു വേണ്ടി രാവും പകലും ആത്മാർഥമായി തയ്‌യാറെടുക്കുകയായിരുന്നുവെന്ന് സുപ്രസിദ്ധ ഗായകൻ മോഹൻലാൽ. മൂന്ന് ആഴ്ച്ച പരിശ്രമിച്ചിട്ടും പ്രശസ്തമായ കുറച്ചു പാട്ടുകളുടെ ചുണ്ടനക്കം ഹൃദിസ്ഥമാക്കാൻ നാലു തവണ ദേശീയ അവാർഡു നേടിയ ഒരു നടനു സാധിച്ചില്ല എന്നു മനസ്സിലാക്കുന്നതിൽ വിഷമം ഉണ്ട്. എന്തായാലും പൊതുജനത്തിന്റെ നികുതിപ്പണം കോമാളി കളിക്കാൻ ഉള്ളതല്ല എന്നുള്ള വേഗത്തിലുള്ള തിരിച്ചറിവ് വേഗ എന്നു പേരുള്ള ചേട്ടന് ഇല്ലാതെ പോയെങ്കിലും ലാലേട്ടന് ഉണ്ടായതിൽ സന്തോഷം. താങ്കളുടെ പ്രയത്നം ആരും കാണാതെ പോയി എന്ന പരിഭവം അവിടെ നിൽക്കട്ടെ, താങ്കളുടെ ചുണ്ടനക്ക പ്രയത്നം ആൾക്കാർ കണ്ടുപോയി എന്നതിനെപ്പറ്റി ഒന്നും മിണ്ടിക്കണ്ടില്ല?

പിന്നെ പറ്റിയ പണം തിരിച്ചുകൊടുത്തത് ആഘോഷിക്കുന്നവരും ഇവിടെയുണ്ട്. ഗവണ്മെന്റിൽ നിന്നും വൻതുക പറ്റി നടത്തിയ ഉഡായിപ്പ്‌ ചുണ്ടനക്കപ്പരിപാടി വല്ലാത്ത തേപ്പായിപ്പോയി എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചതുകൊണ്ടു മാത്രമാണ് ദ കമ്പ്ലീറ്റ് ആക്ടർ ആ പണം തിരിച്ചുകൊടുത്തത്. അല്ലാതെ അഭിനയിച്ചു പൊട്ടുന്ന പടത്തിനൊന്നും ആർക്കും നഷ്ടപരിഹാരം കൊടുത്തതായി കേൾക്കാറില്ലല്ലോ. എന്നാൽ തന്നെ നായകനാക്കി ചെയ്യുന്ന പടം പൊട്ടിയാൽ നിർമ്മാതാവിന്റെ നഷ്ടം നികത്താൻ അടുത്ത പടത്തിന് സൗജന്യമായി ഡേറ്റ് കൊടുത്തിരുന്ന പ്രേംനസീർ ജീവിച്ചിരുന്ന മണ്ണാണിത് എന്നോർക്കണം. അതുകൊണ്ട് അർഹിക്കാത്ത പണം തിരിച്ചുകൊടുത്തത് ഒരു വലിയ സംഭവം ആണെന്നു കരുതുന്നില്ല. ഒരു കലാകാരന് ആത്യന്തികമായി പ്രതിബദ്ധത ഉണ്ടാകേണ്ടത് കലയോടും കലാസ്വാദകരോടും ആയിരിക്കണം. അതൊക്കെ എന്തായാലും ലാലിസത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെട്ടു. പിന്നെ മോഹൻലാൽ ഒന്നേമുക്കാൽ കോടി തിരിച്ചുകൊടുത്തു എന്നു പറയുന്നതും കുറഞ്ഞ ഓവർ റേറ്റിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മഹേന്ദ്ര സിങ് ധോണിയുടെ മാച്ച് ഫീയുടെ 20 ശതമാനം കട്ട് ചെയ്തു എന്നു പറയുന്നതും ഒക്കെ ഒരു പോലെതന്നെ തമാശയാണ്. ഓ.എൻ.വി പാടിയതു പോലെ “കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായി കരിമുകിൽ മാനത്തു വന്നു…” – അത്രേയുള്ളൂ!

പിന്നെ, കാഴ്ച്ചക്കാരുടെ എണ്ണം കൂടുതലായതും പ്രശ്നമായി എന്നൊരു വിലയിരുത്തൽ വേഗേട്ടൻ നടത്തിയത് ശ്രദ്ധിച്ചു. താങ്കൾ സംഗീതസംവിധാനം നിർവഹിക്കുന്ന അടുത്ത ചിത്രം കാണാൻ കാഴ്ച്ചക്കാരുടെ എണ്ണം തുലോം കുറവായിരിക്കട്ടെ എന്നും, ചിത്രം താങ്കളുടെ പേരുപോലെ തന്നെ വേഗം തിയേറ്ററിൽ നിന്നും പോകട്ടെ എന്നും ആത്മാർഥമായി ആശംസിക്കുന്നു.

അപ്പോ പറഞ്ഞുവന്നത്, ലാലേട്ടാ, കൂടുതൽ ശ്രദ്ധിച്ചു പഠിച്ച്, കുറ്റമറ്റ ചുണ്ടനക്കത്തോടെ, മികച്ച രീതിയിൽ തിരിച്ചുവരിക – ഇത്തവണ ഹോർലിക്സ് കലങ്ങാഞ്ഞതുകൊണ്ട് അശോകന് ക്ഷീണമാകാം എന്നു കരുതി എന്നും അങ്ങനെ ആകണമെന്നില്ല. കാവിലെ പാട്ടുമൽസരമാണ് ഇനി വരാനുള്ളത്. നമുക്ക് മിന്നിക്കണം! എന്നിട്ടു വേണം ദ കമ്പ്ലീറ്റ്‌ സിംഗർ എന്ന ഒരു സൈറ്റ്‌ കൂടെ തുടങ്ങാൻ.

വാൽക്കഷണം: ഹൃദയവിശാലത തെളിയിച്ചതുകൊണ്ട് ഒരു ചെറിയ അപേക്ഷയുണ്ട്. കൂതറ എന്ന സിനിമയുടെ ഡി.വി.ഡി. ഞാൻ വാങ്ങിയിരുന്നു. “വല്ലാത്ത മോഹം കൊണ്ട് ചോദിക്കുകയാണ് സാർ. അതിനും റീഫണ്ട് തന്നുകൂടേ?” (ബാക്ക്ഗ്രൗണ്ടിൽ ലലാലലാലാല ലാലലാ… ലലാലലാലാല ലാലലാ…) “പറ്റില്ലാല്ലേ? സാരമില്ല.” (ബാക്ക്ഗ്രൗണ്ടിൽ വീണ്ടും ലലാലലാലാല ലാലലാ… ലലാലലാലാല ലാലലാ…)

Photo: Lalisom Facebook page

Post a Comment

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: